നന്മയുടേയുടെയും സ്നേഹ സൗഹാർദ്ധങ്ങളുടെയും സർവോപരി മത സൗഹാർദ്ധത്തിനും കേളി കേട്ട തൃക്കരിപ്പൂർ എന്ന നാട്ടിലെ വടക്കേകൊവ്വൽ എന്ന പ്രദേശം, അതാണ് പ്രസിദ്ധമായ മൂലക്കാടത്തു കുടുംബത്തിന്റെ ആസ്ഥാനം.
കേരളക്കരയിൽ അറിയപ്പെട്ട വാഗ്മിയും പണ്ഡിത സ്രേഷ്ടനുമായ, എം ടി പി ഹസ്സൻ മുസ്ലിയാർ – മൂലക്കാടത്തു മറിയുമ്മ ദമ്പതികളുടെ അനുഗ്രഹീതരായ 10 മക്കളും അവരുടെ വിശാലമായ സന്താന പരമ്പരകളുടെയും കൂട്ടായ്മയുടെ സുന്ദര നാമമാണ് മജ്ലിസെ ഹസ്സൻ. നാനായിടങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന കുടുംബാംഗങ്ങളെ ഒരു കുടക്കീഴിൽ അണിചേർക്കുക എന്ന ലക്ഷ്യവുമായി മജ്ലിസെ ഹസ്സൻ 2017 ഡിസംബർ 17ന് ഐതിഹാസികം രചിച്ച സംഗമം നടത്തുകയുണ്ടായി. സംഗമത്തോടെ നമ്മുടെ കൈകളിലെത്തിയ രണ്ടു പ്രധാന സമ്മാനങ്ങളായിരുന്നു സോവനീറും ഫാമിലി വെബ് സൈറ്റും.
സ്നേഹതീരം സോവനീറിലൂടെ, നമ്മുടെ കുടുബത്തിന്റെ തുടക്കം മുതൽ 2017 ഡിസംബർ വരെയുള്ള കാര്യങ്ങൾ എല്ലാ കുടുംബാംഗങ്ങളെയും പരിചയപ്പെടുത്താൻ നമുക്ക് സാധിച്ചു. പലരുടെയും കഠിനാധ്വാനത്തിലൂടെ പൂർണത നേടിയ സ്നേഹതീരം ഈ കുടുംബത്തിന് എന്നെന്നും ഒരു മുതൽ കൂട്ടാണ് എന്നത് അർത്ഥശങ്കയ്ക്കു അവസരമില്ലാതെ ഏവരും സാക്ഷ്യപ്പെടുത്തിയതാണ്.
സോവനീർ നിർത്തിയടുത്തുനിന്നും തുടങ്ങുക എന്ന ദൗത്യമാണ് നമ്മുടെ വെബ് സൈറ്റിന് പ്രധാനമായും നിറവേറ്റാനുള്ളത്. ഡിസംബർ 17 നു ശേഷം നമ്മുടെ കുടുംബങ്ങളിൽ വന്ന മാറ്റങ്ങൾ, പുതിയ അംഗങ്ങളുടെ കടന്നു വരവും, നമുക്ക് വേദനയുണ്ടാക്കിയ വേർപാടുകളും, നമുക്കിടയിൽ നടന്ന പ്രധാന സംഭവങ്ങളും, നമ്മുടെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപങ്ങളും, കൾച്ചറൽ വിങ്ങിന്റെ കീഴിൽ മജ്ലിസെ ഹസ്സൻ ഗ്രൂപ്പുകളിൽ നടക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകളുടെ ഒരു സൂക്ഷിപ്പുകാരൻ എന്ന നിലക്കും, കൂടാതെ കുടുംബത്തിലെ സർഗ്ഗ വാസനയുള്ളവരെ അവരുടെ കഴിവുകൾ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുന്നതിനു൦ അവർക്കു അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുതകുന്ന തരത്തിൽ വെബ് മാഗസിനുകൾ, ആർട്ട് ഗാലറികൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാനും ഈ വെബ്സൈറ്റ് കൊണ്ട് ഞങ്ങൾ ലക്ഷ്യം വെക്കുന്നു.
മർഹും ഹസ്സൻ മുസ്ലിയാർ മറിയുമ്മ ദമ്പതിമാരുടെ വിശാലമായ മക്കൾ പരമ്പരയുടെ സകലമാന വിവരങ്ങളും ഒരു വിരൽ തുമ്പിൽ ദർശിക്കുമാറ് നമുക്ക് ഈ വെബ്സൈറ്റിനെ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനു കുടുംബത്തിലെ ഏവരുടെയും സഹകരണവും സമർപ്പണവും കൂടിയേ തീരു.